കണ്ണൂർ:സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം.കൊടിമരം, പതാക, ദീപശിഖ എന്നിവ ഇന്നു സമ്മേളനനഗരിയായ കണ്ണൂരിലെത്തും. പതാക കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്നും കൊടിമരം തലശേരി ജവഹർഘട്ടിൽ നിന്നും ദീപശിഖ കാവുമ്പായി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും റിലേയായാണ് സമ്മേളന നഗരിയിലെത്തിക്കുക.പതാക ജാഥയുടെ പര്യടനം ഇന്നു രാവിലെ ഒമ്പതുമണിക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ ഉൽഘാടനം ചെയ്തു.ഒ.വി. നാരായണനാണ് ജാഥാ ലീഡർ. എം. പ്രകാശൻ നയിക്കുന്ന കൊടിമര ജാഥയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 1.30ന് ടി.വി. രാജേഷ് എംഎൽഎ നിർവഹിച്ചു.കാവുമ്പായി രക്തസാക്ഷി മണ്ഡപത്തിൽനിന്നും കെ.എം. ജോസഫിന്‍റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖാ റാലിയുടെ ഉദ്ഘാടനം രാവിലെ 9.30ന് ജയിംസ് മാത്യു എംഎൽഎ നിർവഹിച്ചു.വൈകുന്നേരത്തോടെ മൂന്നു ജാഥകളും കണ്ണൂർ കാൽടെക്സിൽ സംഗമിച്ചു പൊതുസമ്മേളന നഗരിയായ ജവഹർ സ്റ്റേഡിയത്തിൽ സമാപിക്കും.ഇതോടൊപ്പം ജില്ലയിലെ 162 പാർട്ടി രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്നുമായി ദീപശിഖകൾ സമ്മേളന നഗരിയിലെത്തിക്കും.നാളെ പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കുന്ന മൂന്നു ദിവസം നീളുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.