കണ്ണൂർ:ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇന്നലെ വൈകുന്നേരം കാക്കയങ്ങാട്ടുവെച്ചാണ് എബിവിപി പ്രവർത്തകനും കാക്കയങ്ങാട് ഗവ.ഐടിഐ വിദ്യർഥിയുമായ ശ്യാമപ്രസാദിനെ ഒരുസംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.വെട്ടേറ്റ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ എത്തിയ അക്രമിസംഘം ശ്യാമപ്രസാദിന്റെ വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഇന്ന് കൂത്തുപറമ്പിലെത്തിക്കും.ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം കൊല്ലപ്പെട്ട ശ്യാമപ്രസാദിന്റെ പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളജിൽ പൂർത്തിയായി. മൃതദേഹം വിലാപയാത്രയായി കൊണ്ടുവന്ന് തളിപ്പറമ്പ്, കണ്ണൂർ പഴയസ്റ്റാന്റ്, കൂത്തുപറമ്പ് ,കണ്ണവം തൂടങ്ങിയ സ്ഥലങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം നാലോടെ ചിറ്റാരിപ്പറമ്പിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടത്തുക.