തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ മരണം കസ്റ്റഡി മരണം തന്നെയെന്ന് പോലീസ് കംപ്ലെയൻസ് അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റീസ് നാരായണക്കുറുപ്പ്. കൊലപാതകം മറച്ചുവയ്ക്കാൻ പോലീസ് കള്ളത്തെളിവുണ്ടാക്കിയെന്നും നടപടി ആവശ്യപ്പെട്ടുള്ള ശിപാർശ പോലീസ് മേധാവി അവഗണിച്ചെന്നും ജസ്റ്റീസ് നാരായണക്കുറുപ്പ് വെളിപ്പെടുത്തി.ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് പോലീസിനെതിരേ ലഭിച്ചിരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ വെളിപ്പെടുത്തൽ.തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2014 ഇൽആണ് ശ്രീജിത്തിന്റെ സഹോദരൻ പോലീസ് കസ്റ്റഡിയിൽ മരിച്ചത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ നടപടി ഒന്നും സ്വീകരിക്കാതിരുന്നതിനാൽ ശ്രീജിത്ത് പോലീസ് കംപ്ലെയൻസ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. അതേസമയം ശ്രീജിവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കസ്റ്റഡിമരണത്തിൽ കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത് നീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അഡ്വ.ജനറലിന് നിർദേശം നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.