മട്ടന്നൂർ:എടയന്നൂരിൽ കോൺഗ്രസ്-സിപിഎം സംഘർഷത്തെ തുടർന്ന് 11 പേർക്ക് പരിക്കേറ്റു. എടയന്നൂരിലെ കോൺഗ്രസ് ഓഫീസും സിപിഎം പ്രവർത്തകർ സഞ്ചരിച്ച ജീപ്പും അടിച്ചു തകർത്തു.ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.എടയന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് എസ്എഫ്ഐ,കെഎസ്യു പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം തുടങ്ങിയത്.ഇത് പിന്നീട് കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു. എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരത്തിനു നേരെ അക്രമമുണ്ടായി.ഓഫീസിനുള്ളിലെ ടി.വിയും ഫർണിച്ചറുകളും തകർത്തു.തുടർന്ന് സിപിഎം,സിഐടിയു പ്രവർത്തകർ സഞ്ചരിച്ച ജീപ്പ് തടഞ്ഞുവെച്ച് അടിച്ചു തകർക്കുകയായിരുന്നു. കോൺഗ്രസ് ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ എടയന്നൂരിൽ കോൺഗ്രസ് ഹർത്താൽ ആചരിക്കും.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.