ബെംഗളൂരു:ബെംഗളൂരുവിൽ മലിനജല ശുദ്ധീകരണ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.സോമസുന്ദരപാളയത്തിലെ അപ്പാർട്ട്മെന്റിലെ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ബെംഗളൂരു സ്വദേശികളായ മഹാദേവപ്പ,ശ്രീനിവാസ്,രമേശ് എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാവിലെ പത്തരയോടെയാണ് ഇവർ പത്തടി താഴ്ചയുള്ള ടാങ്ക് വൃത്തിയാക്കാനായി ഇറങ്ങിയത്.രണ്ടര മണിക്കൂറിനു ശേഷവും ആളനക്കം കാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിക്കുകയായിരുന്നു.ശ്വാസം കിട്ടാതെ കുഴഞ്ഞു വീണ തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സ്വകാര്യ കരാറുകാരന് കീഴിൽ ജോലി ചെയ്യുന്ന മൂന്നുപേരും എല്ലാ മാസവും അപ്പാർട്മെന്റിലെ ടാങ്ക് വൃത്തിയാക്കാൻ എത്താറുണ്ടായിരുന്നു.മരിച്ചവരുടെ ബന്ധുക്കൾക്ക് ബിബിഎംപി അഞ്ചുലക്ഷം രൂപ വീതം നഷ്ട്ടപരിഹാരം അനുവദിച്ചു.