കണ്ണൂർ:ജില്ലയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ നിർദേശം.ജില്ലാ പദ്ധതി കരട് രേഖയിന്മേൽ നടന്ന ചർച്ചയിലാണ് നിർദേശം.ദേശീയപാതകളടക്കം ജില്ലയിലെ പ്രധാന റോഡുകളിൽ ഓരോ പതിനഞ്ചു കിലോമീറ്ററിലും വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഒരുക്കാനും നിർദേശമുണ്ട്.സ്ത്രീകൾക്ക് മുലയൂട്ടുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുമുള്ള സൗകര്യം,കോഫീ ഷോപ്പ്,വൈഫൈ സൗകര്യം എന്നിവയും ഇവിടെ ലഭ്യമാക്കും.പൊതുമരാമത്തു വകുപ്പ്, ദേശീയപാത വിഭാഗം,ആർ ടി എ,പോലീസ് എന്നിവരുൾപ്പെടുന്ന വിദഗ്ദ്ധ സമിതി ഒരാഴ്ചയ്ക്കകം പ്രാഥമിക നിർദേശം സമർപ്പിക്കും.കാലപ്പഴക്കം കാരണം ജീർണ്ണിച്ച വാസയോഗ്യമല്ലാത്ത വീടുകൾ പൊളിച്ച് പുതുക്കിപ്പണിയാൻ പ്രത്യേക ഭവന പദ്ധതി രൂപീകരിക്കണമെന്ന് സാമൂഹിക ക്ഷേമം-പാർപ്പിടം ഉപസമിതി നിർദേശിച്ചു.ജില്ലാ ആസൂത്രണ സമിതി സമ്മേളന ഹാളിൽ നടന്ന സെമിനാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു.ടി.വി രാജേഷ് എംഎൽഎ,മേയർ ഇ.പി ലത,കലക്റ്റർ മിർ മുഹമ്മദലി,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,പി.പി ദിവ്യ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി ജയബാലൻ,വി.കെ സുരേഷ് ബാബു,ടി.ടി റംല,കെ.ശോഭ,ജില്ലാ പാലുണ്ണിങ് ഓഫീസർ കെ.പ്രശാന്തൻ,ജില്ലാ പഞ്ചായത്തു ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.