കണ്ണൂർ:ബസ് ചാർജ് വർധിപ്പിച്ച് വ്യവസായത്തെ സംരക്ഷിക്കാനാവശ്യമായ അടിയന്തരനടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിലേക്കു നീങ്ങേണ്ടിവരുമെന്നും കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ സ്റ്റിയറിംഗ് കമ്മിറ്റിയോഗം സർക്കാരിനു മുന്നറിയിപ്പ് നൽകി.സംസ്ഥാനത്തെ ബസുടമാസംഘടനകൾ സെപ്റ്റംബർ 14ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചത് ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു കമ്മീഷനെ നിയമിക്കാം എന്ന സർക്കാരിന്റെ ഉറപ്പിനെത്തുടർന്നായിരുന്നു. കമ്മീഷനെ നിയമിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല.ഈ സാഹചര്യത്തിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ നൂറ് കണക്കിന് ബസുടമകൾ അവരുടെ സർവീസുകൾ നിർത്തിവയ്ക്കുകയോ കിട്ടിയകാശിന് വിറ്റുപോവുകയോ ചെയ്യുകയാണ്.അടുത്ത റോഡ് ടാക്സ് അടയ്ക്കാനുള്ള സമയമാകുന്പോഴേക്കും കുറെ ബസുകൾകൂടി സർവീസ് നിർത്താനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി. 2018 വർഷത്തെ ബസുടമാ-തൊഴിലാളി പാസ് ജനുവരി 31 നുള്ളിൽ കൊടുത്തു പൂർത്തീകരിക്കേണ്ടതിനാൽ ബസുടമകളുടെയും അവരുടെ തൊഴിലാളികളുടെയും രണ്ട് വീതം സ്റ്റാന്പ് സൈസ് ഫോട്ടോ സഹിതം അപേക്ഷകൾ ജനുവരി പത്തിനുള്ളിൽ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ ഓഫീസിൽ ബന്ധപ്പെട്ടവർ എത്തിക്കണമെന്നും യോഗം നിർദേശിച്ചു.