കണ്ണൂർ:സി.പി.എം നേതൃത്വത്തിലുള്ള ന്യൂനപക്ഷ സാംസ്‍കാരിക സമിതിയുടെ ഹലാൽ ഫായിദ സൊസൈറ്റി കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. ഇസ്‍ലാമിക ബാങ്കിംഗ് രീതിയിലെന്നവകാശപ്പെടുന്ന സൊസൈറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.കണ്ണൂർ സബ് ജയിലില് സമീപത്തായാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇസ്‍ലാമിക ബേങ്കുകളെപ്പോലെ പലിശ പൂർണ്ണമായും ഒഴിവാക്കിയാണ് സൊസൈറ്റി പ്രവർത്തിക്കുക. പലിശ ആഗ്രഹിക്കാത്ത ആർക്കും സൊസൈറ്റിയുടെ ഓഹരികൾ സ്വന്തമാക്കാം. ലാഭകരമായ പദ്ധതികളിൽ പണം നിക്ഷേപിച്ച് ഇതിന്റെ ലാഭം നിക്ഷേപകർക്കു ഡിവിഡന്റായി നൽകുമെന്നാണ് സൊസൈറ്റി ഭാരവാ ഹികൾ പറയുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ പലിശരഹിത സഹകരണ സ്ഥാപനമാണ് ഹലാൽ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി.ജനകീയമായ ഉദ്ദേശങ്ങളാണ് സൊസൈറ്റിക്ക് ഉള്ളതെന്നും ഇത് വിജയിച്ചാൽ നല്ലതാണെന്നും അതിനായി കരുതലോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.