ഇരിട്ടി:എക്‌സൈസ് സംഘം വീരാജ്പേട്ട അന്തർസംസ്ഥാനപാതയിൽ നടത്തിയ വാഹനപരിശോധനയിൽ രണ്ടുപേരിൽ നിന്നായി ഒരുകോടി രൂപയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി.കൂട്ടുപുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്നും കാറിൽ വരികയായിരുന്ന പെരിങ്ങത്തൂർ സൗദേശി മുഹമ്മദിൽ നിന്നുമാണ് ഒരുകോടി അഞ്ചുലക്ഷം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയത്.കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു പണം.ഇയാളെ എക്‌സൈസ് സംഘം ഇരിട്ടി പൊലീസിന് കൈമാറി.ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവാണ് പിടികൂടിയത്.സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി പി.മുബഷീറിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ ചാക്കിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കഞ്ചാവ് മലപ്പുറത്ത് എത്തിക്കാനായിരുന്നു മുബഷീറിന് നിർദേശം ലഭിച്ചിരുന്നത്.ബെംഗളൂരുവിൽ നിന്ന് എൻജിനീയറിങ് വിദ്യാർത്ഥിയാണ് കഞ്ചാവ് കൈമാറിയതെന്ന് മുബഷീർ പറഞ്ഞു.കഞ്ചാവ് മലപ്പുറത്ത് എത്തിച്ചാൽ കിലോയ്ക്ക് നാലായിരം രൂപവെച്ച് ലഭിക്കുമെന്നും ഇയാൾ എക്‌സൈസ് സംഘത്തോട് പറഞ്ഞു.