കണ്ണൂർ:20 കിലോ കഞ്ചാവുമായി രണ്ടുപേർ കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിൽ.കണ്ണൂർ സിറ്റി കാക്കട്ടകത്ത് വീട്ടിൽ റായിഷാദ്(26),ആയിക്കര ഉപ്പാരവളപ്പ് സ്വദേശി സി.സി സജീർ(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഒരാഴ്ചയിലേറെയായി ഷാഡോ പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇവർ.മാനഭംഗം,വധശ്രമം,കഞ്ചാവ് വിൽപ്പന,അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സജീർ.കഞ്ചാവ് കേസിൽ അറെസ്റ്റിലായതിനു ശേഷം പുറത്തിറങ്ങിയ ഇയാൾ അതിൽ നിന്നും പിന്മാറിയെന്ന നിലയിലാണ് പിന്നീട് പെരുമാറിയത്.എന്നാൽ ഇയാൾ ബ്രൗൺ ഷുഗർ വില്പനയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.ഇതിനെ തുടർന്ന് ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.ഈ മാസം തന്നെ ഇയാൾ രണ്ടു തവണ കണ്ണൂരിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ട്.ഓരോ തവണയും 30-40 കിലോ കഞ്ചാവുവരെയാണ് ഇയാൾ കൊണ്ടുവരുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ കണ്ണൂരിൽ ഇല്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.ഇയാൾ സ്വന്തം കാറിൽ ആന്ത്രയിലേക്ക് പോയിട്ടുണ്ടെന്ന വിവരം പൊലീസിന് എക്‌സൈസ് സംഘത്തിനും ലഭിച്ചു.എക്‌സൈസ് സംഘം തന്റെ വീടിന് പരിസരത്തുണ്ടെന്ന വിവരം സജീർ അറിഞ്ഞു.ഇതോടെ ആന്ത്രയിൽ നിന്നും ഇയാൾ കണ്ണൂരിലേക്ക് വരാതെ ബംഗളൂരുവിലേക്ക് പോയി.കയ്യിലുണ്ടായിരുന്ന 35 കിലോ കഞ്ചാവിൽ 15 കിലോ ഇയാൾ ബംഗളൂരുവിൽ വിറ്റു.പോലീസ് പരിശോധന കർശനമാണെന്നറിഞ്ഞ ഇയാൾ രണ്ടു മൂന്നു ദിവസം കൂടി ബെംഗളൂരുവിൽ തങ്ങി കാർ അവിടെയുള്ള സുഹൃത്തിനെ ഏൽപ്പിച്ച് ബസ്സിൽ കണ്ണൂരിൽ എത്തുകയായിരുന്നു. സജീറിനെ പിടിക്കാൻ ജില്ലാ പോലീസ് പ്രത്യേക ടീമിനെ നിയോഗിക്കുകയും ഇവർ രണ്ട് ടീമുകളായി ആയിക്കരയിലും താവക്കരയിലും നിരീക്ഷണം നടത്തുകയുമായിരുന്നു.ഇതിനിടെ ബുധനാഴ്ച വൈകിട്ട് നാലരയോടെ താവക്കര പുതിയ ബസ്സ്റ്റാൻഡിൽ ബസ്സിറങ്ങിയ സജീറിനെയും റായിഷാദിനെയും ഷാഡോ പോലീസ് പിടികൂടി.പിന്നീട് ടൌൺ എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.
Kerala, News
കണ്ണൂരിൽ 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Previous Articleഎറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തിൽ തീപിടുത്തം