
കൂത്തുപറമ്പ്:കതിരൂരിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു.പൊന്ന്യം മണ്ഡൽ കാര്യവാഹകനായ കുറുവാങ്കണ്ടി പ്രവീണിനാണ്(33) വെട്ടേറ്റത്.ഇന്നലെ രാത്രി ഏഴുമണിയോട് കൂടി പുല്യോട് സി.എച് നഗറിനടുത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.തലയ്ക്കും ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാം,കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്റ്റർ ജോഷി ജോൺ,കതിരൂർ സബ് ഇൻസ്പെക്റ്റർ സി.ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.വെട്ടേറ്റ പ്രവീൺ നേരത്തെ രാഷ്ട്രീയ ആക്രമണ കേസുകളിൽ പ്രതിയാണെന്ന് കതിരൂർ പോലീസ് പറഞ്ഞു.