കണ്ണൂർ:വിശപ്പില്ലാത്ത കണ്ണൂർ എന്ന ലക്ഷ്യവുമായി ‘അക്ഷയപാത്രം’ പദ്ധതിക്ക് കണ്ണൂരിൽ ഈമാസം 17 ന് തുടക്കമാകും.മന്ത്രി കെ.കെ ശൈലജ പദ്ധതി ഉൽഘാടനം ചെയ്യും.കണ്ണൂർ ജില്ലാ പൊലീസാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.പദ്ധതി ആരംഭിച്ചാൽ നഗരത്തിൽ അലഞ്ഞു നടക്കുന്നവർക്കും വിശന്നു തളർന്നു വരുന്നവർക്കും കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷന്റെ മുന്നിൽ ഒരുക്കിയ പ്രത്യേക കേന്ദ്രത്തിലെത്തി വിശപ്പടക്കാം.ഇതിനായി സ്റ്റേഷന്റെ മുറ്റത്ത് ഫുഡ് ഫ്രീസർ സ്ഥാപിച്ച് അതിലായിരിക്കും ഭക്ഷണം സൂക്ഷിക്കുക.എല്ലാ ദിവസവും രാവിലെ മുതൽ ഇവിടെ നിന്നും ഭക്ഷണം ലഭിക്കും.വിശക്കുന്നവർക്ക് ഇവിടെയെത്തി ഫ്രീസറിൽ നിന്നും ഭക്ഷണം എടുത്തു കഴിക്കാം.പോലീസുകാർക്ക് പുറമെ വ്യക്തികൾക്കോ സംഘടനകൾക്കോ ഭക്ഷണം സ്പോൺസർ ചെയ്യാവുന്നതാണ്. അത്താഴക്കൂട്ടം കൂട്ടായ്‌മയ്‌ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.പദ്ധതിയുടെ ദുരുപയോഗം തടയാൻ ഭക്ഷണ കേന്ദ്രത്തിൽ സിസിടിവി ക്യാമറകളും സ്ഥാപിക്കും.പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവർക്ക് 9544594444,9447670322 തുടങ്ങിയ ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.