തിരുപ്പൂർ:തമിഴ്നാട്ടിലെ തിരിപ്പൂരിൽ ഉയർന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറുപ്രതികൾക്ക് വധശിക്ഷ വിധിച്ചു.പെൺകുട്ടിയുടെ പിതാവ് ചിന്നസ്വാമി, വാടകകൊലയാളികളായ ജഗദീശൻ, മണികണ്ഠൻ, സെൽവകുമാർ, കലൈ തമിഴ്വണ്ണൻ, മൈക്കിൾ എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തിരിപ്പൂർ സെഷൻസ് കോടതിയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്.യുവതിയുടെ അമ്മയും അമ്മാവനും അടക്കം മൂന്നുപേരെ കോടതി വെറുതെ വിട്ടു.ഉയർന്ന ജാതിയിൽപ്പെട്ട കൗസല്യയെ ദളിത് വിഭാഗക്കാരനായ ശങ്കർ വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണം.പൊള്ളാച്ചിയിൽ അവസാനവർഷ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു ശങ്കർ.ഭാര്യയോടൊപ്പം ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തിയ ശങ്കറിനെ ബൈക്കിലെത്തിയ സംഘം ഉദുമൽപേട്ട ബസ്സ്റ്റാൻഡിന് സമീപത്തുവെച്ച് ജനങ്ങൾ നോക്കി നിൽക്കെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അക്രമത്തിൽ കൗസല്യയ്ക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.