ചെറുവത്തൂർ:ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിലകപ്പെട്ട 32 മത്സ്യത്തൊഴിലാളികൾ കർണാടക വഴി ചെറുവത്തൂർ മടക്കര തുറമുഖത്ത് എത്തി.തീരദേശ സേനയുടെ സഹായത്തോടെ ഇന്നലെ ഉച്ചയ്ക്കാണ് ഇവർ എത്തിയത്. 22 ദിവസം മുൻപ് മൂന്നു ബോട്ടുകളിലായാണ് ഇവർ കടലിൽ പോയത്.കന്യാകുമാരി ജില്ലയിലെ തൂത്തൂർ സ്വദേശികളായ 27 പേർ, കൊല്ലം ജില്ലയിൽനിന്നുള്ള നാലുപേർ,ഒരു ആസാം സ്വദേശി എന്നിവരാണ് രക്ഷപ്പെട്ട് എത്തിയവരുടെ കൂട്ടത്തിലുള്ളത്.ഓഖി ചുഴലിക്കാറ്റിൽപ്പെട്ടുപോയ ഇവർ ഗുജറാത്ത് തീരത്തേക്കു പോകുന്നതിനിടെ കർണാടകയിലെ കാർവാറിൽ എത്തിപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിൽ കടൽ അസാധാരണമായി നിശബ്ദമായിരുന്നുവെന്നും പിന്നീട് തിരമാലകൾ ഇരമ്പിയാർത്തപ്പോൾ ബോട്ടുകൾ കാർവാർ തീരത്ത് അടുപ്പിക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു .അവിടെ തങ്ങിയ ഇവർ സംസ്ഥാന സർക്കാർ വൃത്തങ്ങളെ വിവരം അറിയിച്ചു. കടൽ ശാന്തമാകുന്നതുവരെ അവിടെ കഴിച്ചുകൂട്ടിയ ഇവരെ തീരദേശ സേനയുടെ അഴിത്തല സ്റ്റേഷനിലെ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയോടെ മടക്കരയിലെത്തിച്ചത്. മടക്കര ഹാർബറിൽ എത്തിയ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്റെ അടിയന്തര സഹായമായി 2000 രൂപ വീതം നൽകി. ബോട്ടുകൾക്ക് 750 ലിറ്റർ വീതം ഇന്ധനവും സർക്കാർ ചെലവിൽ എത്തിച്ചുകൊടുത്തു.തൊഴിലാളികളെല്ലാം ഇന്നലെ വൈകുന്നേരത്തോടെ ബോട്ടിൽതന്നെ നാട്ടിലേക്ക് തിരിച്ചു.
Kerala, News
ഓഖി ചുഴലിക്കാറ്റ്;രക്ഷപ്പെട്ട 32 മൽസ്യത്തൊഴിലാളികൾ മടക്കര തീരത്തെത്തി
Previous Articleശബരിമലയിൽ വൻ ഭക്തജന തിരക്ക്