തിരുവനന്തപുരം:ഓഖി ദുരിതബാധിതരുടെ ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കാൻ സർക്കാർ തീരുമാനിച്ചു.ഇതിലേക്ക് പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.രാഷ്ട്രീയ പാർട്ടികളും സ്ഥാപനങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഒരു ദിവസത്തെ വേതനമെങ്കിലും എല്ലാ ജീവനക്കാരും സംഭാവന നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.ദുരിതബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മൽസ്യബന്ധനത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വീട് നിർമിക്കുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.ഓഖി ദുരന്തത്തിൽ കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കാണും. ഡല്ഹിയില് രാജ്നാഥ് സിങ്ങിന്റെ വസതിയിൽ വൈകിട്ട് അഞ്ചരയ്ക്കാണ് കുടിക്കാഴ്ച. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം, 500 കോടിയുടെ അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉന്നയിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയായി ഉയർത്തണമെന്ന സർവ്വകക്ഷിയോഗത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീരദേശ പോലീസിൽ 200 പേരെ നിയമിക്കുന്നതിൽ ഇവർക്ക് മുൻഗണന നൽകും.കടൽക്ഷോഭം കാരണം കടലിൽ പോകാൻ കഴിയാത്ത കുടുംബങ്ങൾക്ക് ആഴ്ചയിൽ 2000 രൂപ നൽകും.ദുരന്തത്തിൽ മാനസികാഘാതം നേരിട്ട കുട്ടികൾക്ക് കൗൺസിലിംഗ് നൽകും.അടുത്ത വാർഷിക പരീക്ഷയ്ക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനമായി.
Kerala, News
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളിൽ നിന്നും സംഭാവന തേടും
Previous Articleഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്