കണ്ണൂർ:കണ്ണൂർ സർവകലാശാലയുടെ മൂല്യനിർണ്ണയം നടത്താത്ത ഉത്തരക്കടലാസ് വഴിയരികിൽ.ഫലം പ്രസിദ്ധീകരിച്ച പരീക്ഷയുടെ ഉത്തരക്കടലാസാണ് വഴിയരികിൽ കണ്ടെത്തിയത്.സർവകലാശാല ബിരുദ ഫലം തടഞ്ഞുവെച്ച വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് വഴിയരികിൽ നിന്നും ലഭിച്ച പാപ്പിനിശ്ശേരി സ്വദേശി അത് കെഎസ്യു ഓഫീസിൽ എത്തിക്കുകയായിരുന്നു.മാനന്തവാടി ഗവ.കോളേജിലെ ബി.എ ഇംഗ്ലീഷ് ആറാം സെമസ്റ്റർ വിദ്യാർത്ഥി ടോം.കെ.ഷാജിയുടെ ഫിലിം സ്റ്റഡീസിന്റെ ഉത്തരക്കടലാസാണ് കളഞ്ഞുകിട്ടിയത്.2017 മേയിലാണ് പരീക്ഷ നടന്നത്.ജൂണിൽ ഫലം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ടോമിന്റെ ഫലം സർവകലാശാല തടഞ്ഞുവെയ്ക്കുകയായിരുന്നു. ഭിന്നശേഷിക്കാരനായ ടോം സഹായിയെ ഉപയോഗിച്ചാണ് പരീക്ഷ എഴുതിയത്.പ്രൊജക്റ്റ് സമർപ്പിക്കാത്തതിനാലാണ് റിസൾട്ട് തടഞ്ഞുവെച്ചതെന്നായിരുന്നു സർവകലാശാല അധികൃതർ നൽകിയ വിശദീകരണം. സംഭവത്തെ തുടർന്ന് കെഎസ്യു പ്രവർത്തകർ സർവകലാശാല വൈസ് ചാൻസലറെ ഉപരോധിച്ചു.അതേസമയം പുറത്തു നിന്നും ലഭിച്ച ഉത്തരക്കടലാസ് യാഥാർത്ഥത്തിലുള്ളതാണോയെന്ന് പരിശോധിക്കുമെന്ന് വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.മൂന്നു ദിവസത്തിനുള്ളിൽ ഇതേ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.