കണ്ണൂർ: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിനെത്തിയ എസ്ഐയെയും സംഘത്തെയും വീട്ടുകാർ മർദിച്ചു.കണ്ണൂർ ടൗൺ എസ്ഐ ഷാജി പട്ടേരി, സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശ്, രജീഷ് എന്നിവർക്കാണു മർദനമേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.എസ്ഐയുടെ കൈക്കും മുതുകത്തുമാണ് പരിക്കേറ്റത്. മേലെചൊവ്വയിലെ പുത്തൻപുരയിൽ വിനോദിന്റെ വീട്ടുകാരും അയൽവാസിയായ ജലീഷിന്റെ വീട്ടുകാരും തമ്മിൽ കഴിഞ്ഞ രണ്ടുമാസത്തോളമായി അതിർത്തി തർക്കം നിലനിൽക്കുകയായിരുന്നു. തർക്കം പരിഹരിക്കാൻ ടൗൺ എസ്ഐ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നോട്ടീസ് നൽകിയിട്ടും വിനോദും മാതാവ് നന്ദിനിയും സ്റ്റേഷനിൽ ഹാജരായില്ല. ഇന്നലെ രാവിലെ അയൽവാസിയുടെ മതിൽ തകർത്തതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എത്തിയപ്പോഴാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.വീടിനകത്തുനിന്നും ചാടി പുറത്തിറങ്ങിയ വിനോദ് കൈക്ക് കടിക്കുകയും മാതാവ് നന്ദിനി മുതുകത്ത് മർദിക്കുകയും ചെയ്തതായി എസ്ഐ പറഞ്ഞു. കൂടെയുണ്ടായിരുന്ന പോലീസുകാർക്കും പരിക്കേറ്റു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും വിനോദിനും മാതാവിനുമെതിരേ ടൗൺ പോലീസ് കേസെടുത്തു. കവർച്ചാ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിനോദെന്ന് പോലീസ് പറഞ്ഞു.