തമിഴ്‌നാട്:തമിഴ്‍നാട്ടിലെ വെല്ലൂരിൽ അദ്ധ്യാപികയുടെ ശകാരത്തിൽ മനം നൊന്ത് നാല് പ്ലസ് വൺ വിദ്യാർത്ഥിനികൾ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു.ചെന്നൈയിൽ നിന്നും 88 കിലോമീറ്റർ അകലെ പനപക്കം ഗ്രാമത്തിലെ സ്കൂളിന് സമീപമുള്ള കിണറ്റിലാണ് വിദ്യാർത്ഥിനികൾ ഒരുമിച്ചു ചാടിയത്.പനപക്കം സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികളായ രേവതി,ശങ്കരി,ദീപിക,മനീഷ എന്നിവരാണ് ആത്മഹത്യ ചെയ്തത്.ഇവർ പഠനത്തിൽ മോശമായതിനെ തുടർന്ന് അദ്ധ്യാപിക ശകാരിക്കുകയും രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.ഇതിൽ രേവതി,ശങ്കരി,ദീപിക എന്നിവരുടെ മൃതദേഹം ഇന്നലെയും മനീഷ എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്.നാട്ടുകാരും അഗ്‌നിശമനസേനാംഗങ്ങളും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.അതേസമയം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളോട് കാണിക്കുന്ന സാധാരണ നടപടികൾ മാത്രമാണ് ഇവർക്കെതിരെ ഉണ്ടായിട്ടുള്ളതെന്ന വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.ഹാജർ നിലയും മാർക്കും കുറഞ്ഞ പതിനാലു വിദ്യാർത്ഥികളോട് രക്ഷിതാക്കളെ കൊണ്ടുവരുവാൻ ആവശ്യപ്പെട്ടിരുന്നു.ഇവരിൽ പത്തുപേരും വെള്ളിയാഴ്ച മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവന്നിരുന്നു.ഇതിൽ ഭയന്നാകാം വിദ്യാർത്ഥിനികൾ കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.