പറശ്ശിനിക്കടവ്:പറശ്ശിനിക്കടവ് തവളപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി ഏഴരയോടുകൂടിയാണ് അപകടം നടന്നത്.പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്ന ടൊയോട്ട എറ്റിയോസ് കാറും എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറുമാണ് തവളപ്പാറ വളവിൽ കൂട്ടിയിടിച്ചത്.അപകടത്തിൽ സ്വിഫ്റ്റ് കാറിന്റെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡിൽ ഒഴുകി.ഇത് പിന്നീട് അഗ്നിശമന സേനയെത്തി വെള്ളംചീറ്റി കഴുകുകയായിരുന്നു.സ്വിഫ്റ്റ് കാറിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നയാളെ വണ്ടി പൊളിച്ചാണ് പുറത്തെടുത്തത്.പുന്നാട് സ്വദേശി ശങ്കരൻ മാസ്റ്റർ(46),കൂടാളിയിലെ ശശി(51),എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ കോഴിക്കോട് നടക്കാവിലെ അനൂപ് മോഹൻദാസ്(21),മാട്ടൂലിലെ മുഫാരിസ്(23),വൈറ്റിലയിലെ വിഷ്ണു(20),മാട്ടൂൽ സ്വദേശി ആത്തിഫ്(22) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ വിഷ്ണുവിന്റെ നില ഗുരുതരമാണ്.