കോഴിക്കോട്:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനി ജയിലിലിരുന്ന് ഫോൺ വഴി കവർച്ച ആസൂത്രണം ചെയ്തു നടപ്പിലാക്കി. കോഴിക്കോട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണ്ണം കവർന്ന കേസിലാണ് നിർണായക വഴിത്തിരിവ്.കേസിൽ ഇയാളെ സെൻട്രൽ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകി.2016 ജൂലൈ 16 ന് രാവിലെ ആറുമണിയോടുകൂടിയാണ് ദേശീയപാതയിൽ നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപം കാർ യാത്രക്കാരനെ ആക്രമിച്ച് സ്വർണ്ണം കവർന്നത്.ഒട്ടേറെ പിടിച്ചുപറി കേസുകളിൽ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത്,കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേർന്നാണ് സുനി ജയിലിൽ നിന്നും ഫോൺ ഉപയോഗിച്ച് സ്വർണം കവർച്ച ചെയ്യുന്നതിനും മറിച്ചു വിൽക്കുന്നതിനുമുള്ള പദ്ധതി ആസൂത്രണം ചെയ്തത്.കേസുമായി ബന്ധപ്പെട്ട് പോലീസ് രണ്ടാഴ്ചയ്ക്കുള്ളിൽ വിയ്യൂർ ജയിലിലെത്തി സുനിയെ ചോദ്യം ചെയ്യും.കവർച്ച കേസ് അന്വേഷിച്ച സംഘം 2016 ഓഗസ്റ്റ് 29 ന് കാക്ക രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു.പിറ്റേ ദിവസം രാജേഷ് ഖന്ന വിയൂർ ജയിലിലെത്തി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു.ടി.പി വധക്കേസിലെ മൂന്നാം പ്രതിയായ കോടി സുനി രാപ്പകൽ വ്യത്യാസമില്ലാതെ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും പല കുപ്രസിദ്ധ ക്രിമിനലുകളുമായും ഉയർന്ന രാഷ്ട്രീയ നേതാക്കളുമായും ഇടതടവില്ലാതെ സംസാരിക്കുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കൊടി സുനിയുടെ നാട്ടുകാരനായ ഒരാളുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ ഉപയോഗിച്ചാണ് ഈ ഫോൺ വിളികളെല്ലാം.
Kerala, News
ജയിലിലിരുന്ന് കൊടി സുനി കവർച്ച ആസൂത്രണം ചെയ്തു നടപ്പിലാക്കി;കവർന്നത് 3 കിലോ കള്ളക്കടത്തു സ്വർണം
Previous Articleതിരുവനന്തപുരം മേയർക്കെതിരേ പോലീസ് കേസെടുത്തു