ആലുവ:നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപ് വിദേശത്തു പോകാൻ അനുമതി തേടി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ദിലീപിന് അനുകൂല വിധി.തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് ശാഖ ഉൽഘാടനം ചെയ്യുന്നതിനായി ദുബായിൽ പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന് കാണിച്ചു ദിലീപ് നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.നാല് ദിവസത്തിനുള്ളിൽ വിദേശത്തു പോയി തിരിച്ചു വരണമെന്നാണ് ദിലീപിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.നേരത്തെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ദിലീപ് തന്റെ പാസ്സ്പോർട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.അതേസമയം ദിലീപിന് വിദേശത്തേക്ക് പോകാൻ അനുമതി നൽകരുതെന്നും വിദേശത്തേക്ക് പോയാൽ താരം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ ദിലീപിനെ വിദേശത്ത് പോകാൻ അനുവദിച്ചാൽ അത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.എന്നാൽ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി ദിലീപിന് വിദേശത്തു പോകാൻ അനുമതി നൽകിയത്.അതോടൊപ്പം എന്തിനാണ് ദുബായിൽ പോകുന്നതെന്നും എന്തൊക്കെയാണ് പരിപാടികളെന്നും ആരെയൊക്കെയാണ് കാണുകയെന്നും മറ്റുമുള്ള വിശദമായ വിവരങ്ങൾ വിദേശത്തേക്ക് പോകുന്നതിനു മുൻപ് അങ്കമാലി മജിസ്ട്രേറ്റിനു മുൻപിൽ നൽകണമെന്നും ദിലീപിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ഇതോടൊപ്പം വിസയുടെ വിശദാംശങ്ങളും വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പറും നല്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.