ഇരിക്കൂർ:പടിയൂർ പഞ്ചായത്തിലെ കല്യാട്.ഊരത്തൂർ മേഖലകളിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ അനധികൃതമായി ചെങ്കല്ല് കയറ്റിയ 36 ലോറികൾ പിടികൂടി.ഇരിട്ടി തഹസിൽദാർ കെ.കെ ദിവാകരൻ,ജില്ലാ ജിയോളജിസ്റ്റ് ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ഈ മേഖലകളിൽ 1500 ഏക്കറോളം വരുന്ന സ്ഥലത്ത് ഖനനം നിരോധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.ലോറികൾ പിടികൂടിയതോടെ തൊഴിലാളികൾ സംഘടിച്ചെത്തി പരിശോധന സംഘത്തെ തടയാൻ ശ്രമിച്ചു.വാക്കേറ്റം ശക്തമായതോടെ തഹസിൽദാർ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഇത്രയും ലോറികൾ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പിഴയടച്ചാൽ ലോറി വിട്ടു നല്കാമെന്നുള്ള തഹസിൽദാരുടെ നിർദേശം ഒരു വിഭാഗം തൊഴിലാളികൾ അംഗീകരിക്കുകയായിരുന്നു.എന്നാൽ മറ്റു വിഭാഗം ജീവനക്കാർ പിഴയടക്കാൻ തയ്യാറായില്ല.പിഴയടച്ചില്ലെങ്കിൽ ലോറികൾ കസ്റ്റഡിയിലെടുക്കുമെന്ന് റെവന്യൂ വകുപ്പ് കർശന നിലപാടെടുത്തതോടെ പിഴയടക്കാൻ മറ്റുള്ളവരും തയ്യാറായി.ഇത്തരത്തിൽ നിയമലംഘനം തുടർന്നാൽ ഇനി മുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഇവർക്ക് മുന്നറിയിപ്പും നൽകി.ചെറിയ ലോറികൾക്ക് 10000 രൂപയും വലിയ ലോറികൾക്കും ജെസിബിക്കും 25000 രൂപയുമാണ് പിഴ ഈടാക്കിയത്.