
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണസംഘം .തന്റെ വ്യാപാര സ്ഥാപനമായ ദേ പുട്ടിന്റെ ദുബായ് ശാഖയുടെ ഉൽഘാടനത്തിനായി ദുബായിൽ പോകാൻ അനുമതി ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.ഈ വിഷയത്തിൽ കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിലാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കാര്യം പോലീസ് ഉൾപ്പെടുത്തുക.ഇതിനാൽ ദിലീപിനെ വിദേശത്തു പോകാൻ അനുവദിക്കരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും.ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരൻ അന്വേഷസംഘത്തിനു അനുകൂലമായി മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് മൊഴി മാറ്റുകയായിരുന്നു.ഇത് ദിലീപിന്റെ സ്വാധീനത്താലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.അതുപോലെ തന്നെ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന ചാർളിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.ചാർളിയെ മാപ്പു സാക്ഷി ആക്കാനായിരുന്നു പോലീസിന്റെ നീക്കം.എന്നാൽ ചാർളി കോടതിയിൽ ഹാജരായില്ല.ഇതും ദിലീപിന്റെ സ്വാധീനം കൊണ്ടാണെന്നാണ് പോലീസ് പറയുന്നത്.കുറ്റപത്രത്തിലും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കാര്യം പോലീസ് ഉൾപ്പെടുത്തിയേക്കും.