ന്യൂഡൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് സന്ദേശം. തൃശൂർ പൂരവും,കുംഭമേളയും ആക്രമിക്കുമെന്നും ശബ്ദ സന്ദേശത്തിലൂടെ ഐഎസ് മുന്നറിയിപ്പ് നൽകി.പത്ത് മിനിറ്റ് നീണ്ടു നിൽക്കുന്ന സന്ദേശം മലയാളത്തിലാണ് അയച്ചിരിക്കുന്നതെന്നാണ് വിവരം.ആളുകൾ കൂടുന്ന ആഘോഷ പരിപാടികൾക്കിടെ ആക്രമം നടത്തുമെന്നാണ് മുന്നറിയിപ്പ്.പുരുഷ ശബ്ദത്തിലുള്ള മുന്നറിയിപ്പ് ഐഎസിന്‍റേതായി പുറത്തുവരുന്ന അൻപതാമത്തെ ശബ്ദസന്ദേശമാണെന്നാണ് വിവരം. ലാസ്‌വേഗസിലുണ്ടായ വെടിവയ്പിനു സമാനമായ തരത്തിലുള്ള ആക്രമണം നടത്തുമെന്ന് സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തങ്ങൾ ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിട്ടുണ്ടെന്നും ലാസ്‌വേഗസിൽ തങ്ങൾക്ക് ഒരു അനുയായി നഷ്ടമായെന്നും സന്ദേശത്തിൽ പറയുന്നു.അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് സന്ദേശമെത്തിയതെന്നും കാസർഗോട്ടു നിന്നും ഐഎസിൽ ചേരാനായി പോയ റാഷിദ് അബ്ദുള്ള എന്നയാളുടേതാണ് ശബ്ദമെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.