കണ്ണൂർ:സംസ്ഥാന ഐ.ടി മിഷന് കീഴിൽ തുടങ്ങിയ ‘ഫ്രണ്ട്‌സ്’ ജനസേവനകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.കൂടാതെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താനും നിർദേശമുണ്ട്.കംപ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും ഓഫീസിനകത്തുണ്ട്.എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ നിലവിൽ മിക്ക കൗണ്ടറുകളും പ്രവർത്തനരഹിതമാണ്. പൊതുജനങ്ങൾക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ബില്ലുകൾ,നികുതികൾ,തുടങ്ങിയവ ഒരിടത്തു അടയ്ക്കാനുള്ള സൗകര്യമാണ് ജനസേവനകേന്ദ്രത്തിലുള്ളത്.ഞായറാഴ്ചയും ബില്ലടയ്ക്കാനുള്ള സൗകര്യമുള്ളത് ജനത്തിന് വളരെയധികം ഉപകാരപ്രദമായിരുന്നു.2009 ലാണ് എല്ലാ ജില്ലകളിലും ഓരോ കേന്ദ്രങ്ങൾ തുടങ്ങിയത്.കലക്റ്റർ ചെയർമാനായ സമിതിയുടെ മേൽനോട്ടത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.കെഎസ്ഇബി,ജലസേചന വകുപ്പ് എന്നിവയിൽ നിന്നും രണ്ടുവീതം ജീവനക്കാരെ ജനസേവന കേന്ദ്രത്തിൽ നിയമിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.തിരക്കുള്ള ദിവസങ്ങളിൽ ആയിരത്തോളം ഇടപാടുകൾ ഇവിടെ നടക്കുന്നുണ്ട്.കോർപറേഷൻ നികുതി ഉൾപ്പെടെ സ്വീകരിക്കുന്നതിനുള്ള സൗകര്യം എടുത്തു കളഞ്ഞത് ജനത്തിന് തിരിച്ചടിയായി.