കണ്ണൂർ:കണ്ണൂരിൽ ബസ്സുകളിൽ യാത്ര സുരക്ഷയ്ക്കായി ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ ‘സ്പാരോ’ ഇന്ന് മുതൽ തുടങ്ങും.കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവ് ഉദ്യോഗസ്ഥർക്ക് ഐഡി കാർഡ് നൽകി പദ്ധതി ഉൽഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 25 റൂട്ടുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക.കുരുവിയെ പോലെ പോലീസ് ഇടയ്ക്കിടെ ഓരോ ബസുകളിലും കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാലാണ് പദ്ധതിക്ക് സ്പാരോ എന്ന് പേരിട്ടിരിക്കുന്നത്.സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം.സ്കൂൾ പരിസരങ്ങളിലാണ് സ്പാരോ പോലീസിന്റെ സാന്നിധ്യം കൂടുതലായി ഉണ്ടാകുക.തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളിൽ കയറുന്ന സ്പാരോ പോലീസ് നിശ്ചയിക്കപ്പെട്ട സ്റ്റോപ്പിൽ ഇറങ്ങി എതിർദിശയിൽ നിന്നും വരുന്ന ബസിൽ കയറി ആദ്യത്തെ സ്റ്റോപ്പിൽ തിരിച്ചെത്തും. ബസുകളുടെ അമിത വേഗത, യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം തുടങ്ങിയവ കണ്ടുപിടിച്ച് നിയമ നടപടികൾ സ്വീകരിക്കും.