ബെംഗളൂരു:ബെംഗളൂരുവിൽ കള്ളനോട്ട് നിർമാണ കേന്ദ്രം നടത്തി വന്നിരുന്ന മൂന്നു മലയാളികൾ പോലീസ് പിടിയിൽ.പൂഞ്ഞാർ പുത്തൻവീട്ടിൽ ഗോൾഡ് ജോസഫ്(46),കാഞ്ഞങ്ങാട് സ്വദേശി മുക്കൂട്ടിൽ ശിഹാബ്(34),പൂഞ്ഞാർ പുത്തൻ വീട്ടിൽ വിപിൻ(22) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ പക്കൽ നിന്നും 31.40 ലക്ഷം രൂപയും ഇതുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.19.40 രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകളും 12 ലക്ഷം രൂപ മൂല്യമുള്ള അഞ്ഞൂറിന്റെ നോട്ടുകളുമാണ് പിടികൂടിയത്.കൂടാതെ നാല് പ്രിന്ററുകൾ,രണ്ട് ലാപ്ടോപ്പ്,ഒരു സ്കാനർ,സ്ക്രീൻ പ്രിന്റിനുള്ള ഉപകരണം,നോട്ട് അച്ചടിക്കാനുള്ള 14 കിലോ കടലാസ് എന്നിവയും പിടിച്ചെടുത്തു.ഹൊസൂരിന് സമീപം ചന്തപ്പുരയിൽ വീട് വാടകയ്ക്ക് എടുത്താണ് ഇവർ കള്ളനോട്ട് നിർമാണം നടത്തിയിരുന്നത്. ഇത്തരത്തിൽ ഇവർ നിർമിച്ച ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന കള്ളനോട്ടുകൾ കേരളത്തിലും ബെംഗളൂരിലുമായി ഇവർ വിതരണം ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ പെട്രോൾ പമ്പിൽ നിന്നും അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുമായി സാബു എന്നയാളെ പോലീസ് പിടികൂടിയിരുന്നു.പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും നൂറിലധികം കള്ളനോട്ടുകൾ പോലീസ് കണ്ടെത്തിയിരുന്നു.ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് ഷിഹാബാണ് ഇയാൾക്ക് കള്ളനോട്ട് നൽകിയതെന്നും ഹൊസൂരിൽ നിന്നാണ് ശിഹാബ് ഇത് സംഘടിപ്പിക്കുന്നതെന്നും പോലീസ് മനസ്സിലാക്കിയത്.ഇതിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി പോലീസ് ഹൊസൂരിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലാകുന്നത്.
Kerala, News
ബെംഗളൂരുവിൽ കള്ളനോട്ട് നിർമാണ കേന്ദ്രം നടത്തി വന്നിരുന്ന മൂന്നു മലയാളികൾ പിടിയിൽ
Previous Articleകഞ്ചാവും ഹുക്കയുമായി പാപ്പിനിശ്ശേരിയിൽ രണ്ടുപേർ പിടിയിലായി