മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിനടുത്ത് കോടികൾ വിലമതിക്കുന്ന ഭൂമി കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്ത കാസർകോഡ് സ്വദേശി പിടിയിൽ.കാസർകോഡ് പാണത്തൂർ സ്വദേശി മാവുങ്കാൽ കുന്നിൽ വീട്ടിൽ എം.കെ മുഹമ്മദ് ആരിഫാണ് മട്ടന്നൂർ പോലീസിന്റെ പിടിയിലായത്.ഗൾഫിൽ വ്യവസായിയും കണ്ണപുരം സ്വദേശിയുമായ മോഹനന്റെ ഉടമസ്ഥതയിലുള്ള കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറ ക്ഷേത്രത്തിനടുത്ത് വിമാനത്താവള മതിലിനോട് ചേർന്ന 50 സെന്റ് ഭൂമിയാണ് വ്യാജരേഖകൾ ഉണ്ടാക്കി ആരിഫ് കൈക്കലാക്കിയത്. തട്ടിപ്പിൽ മറ്റു ചിലർക്കും ബന്ധമുള്ളതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്ഥലമുടമസ്ഥൻ മോഹനനാണെന്ന വ്യാജേന കണ്ണൂർ സ്വദേശിയാണ് സ്ഥലം തട്ടിയെടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.വിദേശത്തുള്ള മോഹനനാണ് താനെന്നു തെറ്റിദ്ധരിപ്പിച്ച് ഇയാളാണ് ഭൂമി ആദ്യം കൈക്കലാക്കിയത്.ഇതിനായി മോഹനന്റെ പേരിലുള്ള തിരിച്ചറിയൽ കാർഡും മറ്റുരേഖകളും വ്യാജമായി നിർമിച്ചു.ശേഷം റെജിസ്ട്രർ ഓഫീസിൽ നിന്നും സ്ഥലത്തിന്റെ രേഖയുടെ പകർപ്പ് എടുത്ത ശേഷം യഥാർത്ഥ ആധാരം നഷ്ടപ്പെട്ടതായി കാണിച്ചു പത്രത്തിൽ പരസ്യം നൽകുകയും ചെയ്തു.പിന്നീട് കണ്ണൂർ സ്വദേശി മോഹനാണെന്ന പേരിൽ സ്ഥലം പാണത്തൂരിലുള്ള മുഹമ്മദ് ആരിഫ് എന്നയാൾക്ക് സെന്റിന് 80,000 രൂപ എന്ന നിരക്കിൽ വിൽപ്പന നടത്തി. പിന്നീട് ഇയാൾ ഈ സ്ഥലം ഇരിട്ടി സ്വദേശിക്ക് മരിച്ചു വിൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഇതിനായി നാലു ലക്ഷം രൂപ അഡ്വാൻസും വാങ്ങി.സ്ഥലം വാങ്ങിയ ആൾ ഇവിടെയെത്തി മണ്ണ് നീക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ ഗൾഫിലുള്ള മോഹനനെ വിളിച്ചു കാര്യം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.വൻ ഭൂമാഫിയ സംഘത്തിലെ കണ്ണിയാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.