കണ്ണൂർ: നഗരത്തിൽ യുവാവിനെ ആക്രമിച്ചശേഷം കൊള്ളയടിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. താഴെചൊവ്വയിലെ മുനവ്വിർ (27), മുണ്ടയാട്ടെ രാഹുൽ (26), എളയാവൂർ വാരത്തെ സൈനുദ്ദീൻ (23) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കുടിയാന്മലയിലെ പ്ലാക്കൽ നൈജിൻ ഫ്രാൻസിസാണ് (25) ആക്രമണത്തിനും കൊള്ളയ്ക്കും ഇരയായത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ പഴയ ബസ് സ്റ്റാൻഡിനടുത്തായിരുന്നു സംഭവം.ബൈക്കിലും ഓട്ടോയിലുമായെത്തിയ നാലംഗസംഘം നൈജിനെ ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച് മൊബൈൽ ഫോൺ, ഡിജിറ്റൽ കാമറ, എടിഎം കാർഡുകൾ എന്നിവ കൈക്കലാക്കുകയായിരുന്നു. 10,000 രൂപ തന്നാൽ സാധനങ്ങൾ തിരികെ നൽകാമെന്നും പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിയും മുഴക്കി സംഘം സ്ഥലംവിടുകയായിരുന്നു. കൊയിലാണ്ടിയിൽ ഹോട്ടൽ ജീവനക്കാരനായ നൈജിൻ കുടിയാന്മലക്ക് പോകാൻ പഴയ ബസ്സ്റ്റാൻഡിൽ ബസിറങ്ങിയശേഷം റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് പഴയ സ്റ്റാൻഡിലേക്ക് നടന്നുവരുമ്പോൾ അണ്ടർ ബ്രിഡ്ജിനടുത്താണ് കൊള്ളയടിക്കപ്പെട്ടത്.തുടർന്ന് നൈജിൻ ടൗൺ പോലീസിൽ എത്തി പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർ അറസ്റ്റിലായത്.