ആലുവ: നടൻ ദിലീപിന് സുരക്ഷയൊരുക്കാൻ ഗോവയിൽ നിന്നുള്ള സ്വകാര്യ സുരക്ഷ ഏജൻസി എത്തി.നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിനെ കാണാൻ വെള്ളിയാഴ്ച ആറ് വാഹനങ്ങളിലായി സുരക്ഷ ഏജൻസിയിലെ ഉദ്യോഗസ്ഥർ എത്തി. ദിലീപിന്‍റെ ആലുവയിലെ വസതിയിൽ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവർ വെള്ളിയാഴ്ച തന്നെ മടങ്ങുകയും ചെയ്തു. എന്നാൽ സുരക്ഷ ഏജൻസിയിലെ മൂന്ന് ഉദ്യോഗസ്ഥർ ആലുവയിലെ ദിലീപിന്‍റെ വസതിയിൽ തന്നെ തുടരുകയാണ്.ദിലീപ് ഇത്തരത്തിൽ സ്വകാര്യ സുരക്ഷ ഏജൻസിയെ ഉപയോഗിച്ച് സംരക്ഷണം ഒരുക്കുന്നതിന്‍റെ കാരണം പോലീസിനും അറിവായിട്ടില്ല.വാർത്ത പരന്നതോടെ പോലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. ഒടുവിൽ ദിലീപിന്‍റെ വീട്ടിലെ സുരക്ഷാസന്നാഹത്തെക്കുറിച്ച് മാധ‍്യമപ്രവർത്തകർ വിളിച്ചു വിവരം നൽകിയപ്പോഴാണ് പോലീസ് പോലും സംഭവമറിയുന്നത്.മാധ‍്യമപ്രവർത്തകരിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സായുധസേനയിൽ നിന്നും വിരമിച്ച ഒരു കേണലിന്‍റെ നേതൃത്വത്തിലുള്ള സ്വകാര‍്യ സുരക്ഷാ ഏജൻസിയാണ് ആലുവിയിലെത്തിയതെന്ന് സ്ഥിരീകരിച്ചു. തണ്ടർഫോഴ്സിന്‍റെ കേരള മേധാവി വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ദിലീപുമായുള്ള പരിചയം പുതുക്കാനാണ് വീട്ടിലെത്തിയതെന്നായിരുന്നു വിശദീകരണം.ദിലീപ് ജാമ‍്യം നേടിയെങ്കിലും പോലീസ് നിരീക്ഷണത്തിലാണിപ്പോഴും. എന്നാൽ ഗോവയിലെ സ്വകാര‍്യ രഹസ‍്യാന്വേഷണ വിഭാഗത്തിന്‍റെ സന്ദർശനത്തെക്കുറിച്ച് വ‍്യക്തമായ വിശദീകരണം നൽകാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Kerala, News
നടൻ ദിലീപിന് സുരക്ഷയൊരുക്കാൻ ഗോവയിൽ നിന്ന് സ്വകാര്യ സുരക്ഷാസേന എത്തി
Previous Articleമിനിമം വേതനം നൽകിയില്ലെങ്കിൽ ഒരുലക്ഷം രൂപ പിഴയീടാക്കും