മുംബൈ:എ ടി എമ്മുകൾ വഴി വർഷാവസാനം വരെ 200 രൂപ നോട്ടുകൾ വിതരണം ചെയ്യാൻ സാധിക്കില്ല.200 രൂപ നോട്ടുകൾ ഉൾക്കൊള്ളാനാകുന്ന തരത്തിൽ എ ടി എം മെഷീനുകൾ നവീകരിക്കാത്തതാണ് ഇതിനു കാരണമെന്ന് എ ടി എം നിർമാതാക്കൾ പറയുന്നു.100 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിലുള്ള അകലം കുറയ്ക്കാനായാണ് 200 രൂപ നോട്ടുകൾ ഇറക്കിയത്.എ ടി എം നിർമാതാക്കളുടെ കണക്കനുസരിച്ച് മിക്ക ബാങ്കുകളും പുതിയ നോട്ടിന്റെ ലഭ്യത കുറവായതിനാൽ അവരുടെ എ ടി എം മെഷീനുകൾ നവീകരിച്ചിട്ടില്ല. എ ടി എം മെഷീനുകൾ നവീകരിക്കാനുള്ള നടപടികൾ ബാങ്കുകളാണ് എടുക്കേണ്ടതെന്നും അവരുടെ ഭാഗത്തു നിന്നും യാതൊരു നിർദേശവും വന്നിട്ടില്ലെന്നും ഇന്ത്യയിലെ പ്രമുഖ എ ടി എം നിർമാതാക്കളായ എൻ സി ആർ ന്റെ എം ഡി നവ്റോസ് ദസ്തർ പറഞ്ഞു.അതേസമയം എ ടി എം നവീകരണ പ്രവർത്തനങ്ങൾക്ക് സമയമെടുക്കുമെന്നും ഇത് കഠിനമായ ഒരു ജോലിയാണെന്നും ബാങ്കുകൾ വ്യക്തമാക്കി.ഇതിനായി ആഴ്ചകളോളം ജോലി ചെയ്യേണ്ടതായി വരും.നോട്ട് നിരോധനം നടപ്പിലാക്കിയപ്പോൾ തൊഴിലാളികൾ ഇതിനായി രാപ്പകലില്ലാതെ കഷ്ട്ടപ്പെട്ടിരുന്നു.എന്നിട്ട്കൂടി ഇതിനായി രണ്ടാഴ്ചയോളം സമയം വേണ്ടിവന്നു.എന്നാൽ അത്തരത്തിലുള്ള ഒരു പ്രതിസന്ധി ഇപ്പോഴില്ലെന്നും അതിനാൽ തന്നെ എ ടി എമ്മുകൾ തിടുക്കപ്പെട്ട് നവീകരിക്കേണ്ട ആവശ്യവുമില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കി.1, 2, 5, 10, 20, 50, 100, 500 , 2000. എന്ന ശ്രേണിയിൽ 200 ന്റെ അഭാവം പരിഹരിക്കാനാണ് 200 രൂപ നോട്ടുകൾ ഇറക്കുന്നതെന്നാണ് ആർ ബി ഐ പുതിയ 200 രൂപ നോട്ടുകൾ വിപണിയിൽ ഇറക്കിക്കൊണ്ട് വ്യക്തമാക്കിയത്.അടുത്ത വർഷം ഏപ്രിലോടെ പുതിയ 100 രൂപ നോട്ട് വിപണിയിലിറക്കാനും ആർ ബി ഐ ലക്ഷ്യമിടുന്നുണ്ട്.