Kerala, News

പാലയാട് സർവകലാശാല ക്യാംപസിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം,കെഎസ്‌യു വനിതാ നേതാവിന്റെ പല്ലിടിച്ചിളക്കി

keralanews ksu sfi conflict in palayad university campus

തലശ്ശേരി:കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാംപസിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം.പെൺകുട്ടികൾ ഉൾപ്പെടെ ഒൻപതുപേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ കെഎസ്‌യു പ്രവർത്തകരും രണ്ടാം വർഷ നിയമവിദ്യാർത്ഥികളുമായ ഗുരുവായൂർ ചിറ്റിലപ്പള്ളി സ്വദേശിനി സി.ജെ സോഫി(19),കാഞ്ഞങ്ങാട് സ്വദേശി ഉനൈസ്(19),ഇരിട്ടി സ്വദേശി ജോയിൽ(19) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  കെഎസ്‌യു തൃശൂർ ജില്ലാ സെക്രെട്ടറിയും പാലയാട് ക്യാംപസ് യുണിറ്റ് സെക്രെട്ടറിയുമായ സോഫിയുടെ മുൻവശത്തെ പല്ല് ഇളകിയ നിലയിലാണ്.അക്രമികൾ മരക്കഷ്ണം കൊണ്ട് മുഖത്തടിച്ചപ്പോഴാണ് പല്ല് ഇളകിയതെന്നു സോഫി പറഞ്ഞു.കെഎസ്‌യു യുണിറ്റ് പ്രസിഡന്റായ ഉനൈസിന്റെ പരിക്ക് ഗുരുതരമായതിനാൽ ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.അക്രമം തടയാനെത്തിയ അമൽ റാസിഖ്,സലിൽ എന്നീ വിദ്യാർത്ഥികൾക്കും പരിക്കേറ്റതിനെ തുടർന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകരും ഒന്നാംവർഷ നിയമവിദ്യാർത്ഥികളുമായ പ്രിയേഷ്,മിഥുൻ,രണ്ടാം വർഷ നിയമവിദ്യാർത്ഥികളായ സിൻസി,ആദർശ് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കെഎസ്‌യു പ്രവർത്തകരുടെ പരാതിയിൽ ഒൻപത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് ധർമടം പോലീസ് കേസെടുത്തു. എസ്എഫ്ഐക്കെതിരെ ക്ലാസ്സിലെ ബെഞ്ചിൽ എഴുതി എന്നാരോപിച്ച് കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകരായ ഫവാസ്,ഷാസ് എന്നിവരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു.ഇതിൽ പ്രതിഷേധിക്കാൻ കൂട്ടംകൂടി നിന്ന കെഎസ്‌യു പ്രവർത്തകർക്ക് നേരെയാണ് ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്.സംഭവത്തെ തുടർന്ന് പാലയാട് ക്യാംപസ് നിയമവിഭാഗം പഠന കേന്ദ്രം പത്തുദിവസത്തേക്ക് അടച്ചു.

Previous ArticleNext Article