പാല:അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം.രാവിലെ ഏഴുമണിക്കാണ് മേള ആരംഭിച്ചത്.മേളയുടെ ഔദ്യോഗിക ഉൽഘാടനം വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.കായികമേളയിൽ ആദ്യ സ്വർണ്ണം പാലക്കാട് നേടി.ആൺകുട്ടികളുടെ 5000 മീറ്ററിൽ പാലക്കാട് പറളി സ്കൂളിലെ പി.എൻ അജിത്താണ് റെക്കോർഡോടെ സ്വർണ്ണം നേടിയത്.കോതമംഗലം മാർ ബേസിൽ സ്കൂളിലെ ആദർശ് ഗോപിക്കാണ് വെള്ളി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ എറണാകുളം കോതമംഗലം മാർ ബേസിലിലെ അനുമോൾ തമ്പി മേളയിലെ രണ്ടാം സ്വർണ്ണം നേടി.മേളയിലെ മൂന്നാം സ്വർണ്ണം ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ തിരുവനന്തപുരം സായിയിലെ സൽമാൻ നേടി.ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് കല്ലടി സ്കൂളിലെ പി.ചാന്ദിനിക്കാണ് സ്വർണ്ണം.
കാൽ നൂറ്റാണ്ടിനു ശേഷമാണ് പാല സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്.പാലായിൽ സിന്തെറ്റിക്ക് ട്രാക്ക് നിർമിച്ചതിനു ശേഷം ആദ്യം നടക്കുന്ന സംസ്ഥാന മീറ്റുകൂടിയാണിത്.പ്രായക്രമത്തിൽ താരങ്ങളുടെ വിഭാഗം നിശ്ചയിക്കുന്ന രീതിയിലാണ് ഇത്തവണ മുതൽ സ്കൂൾ കായികമേള നടക്കുന്നത്.ഇതിനു മുൻപ് പഠിക്കുന്ന ക്ലാസ്സിനനുസരിച്ചായിരുന്നു കുട്ടികളെ തരം തിരിച്ചിരുന്നത്.