കോഴിക്കോട്:ബേപ്പൂർ തുറമുഖത്ത് കപ്പലിടിച്ച് മറിഞ്ഞ മൽസ്യബന്ധന ബോട്ടിൽ നിന്നും കാണാതായവർക്കായുള്ള തിരച്ചതിൽ നിർത്തി.നാലുപേരെയാണ് കാണാതായിരുന്നത്.ഇതിൽ രണ്ടുപേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.തമിഴ്നാട് കൊളച്ചൽ സ്വദേശിയായ ബോട്ടുടമ ആന്റോ,തിരുവനന്തപുരം സ്വദേശി പ്രിൻസ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.തിരുവനന്തപുരം സ്വദേശിയായ ജോൺസൻ,തമിഴ്നാട് കൊളച്ചൽ സ്വദേശി രമ്യാസ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.കോസ്റ്റ് ഗാർഡും നാവികസേനയും മൂന്നു ദിവസമായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.ഇതിനെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിക്കുന്നത്.കോസ്റ്റ് ഗാർഡ് ഹെലിക്കോപ്റ്റർ നടത്തുന്ന പതിവ് നിരീക്ഷണം മാത്രമാണ് ഇനി ഉണ്ടാകുക.എന്നാൽ കന്യാകുമാരിയിൽ നിന്നുള്ള മൽസ്യത്തൊഴിലാളികൾ ഇപ്പോഴും തിരച്ചിൽ തുടരുന്നുണ്ട്.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ബേപ്പൂർ തുറമുഖത്തു നിന്നും 50 നോട്ടിക്കൽ മൈൽ അകലെ ബോട്ട് അപകടത്തിൽപെട്ടത്.കൊച്ചി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഇമ്മാനുവേൽ എന്ന ബോട്ട് അജ്ഞാത കപ്പൽ ഇടിച്ചു തകരുകയായിരുന്നു.