കൊച്ചി:കോളേജ് ക്യാമ്പസുകളിൽ സമരമോ സത്യാഗ്രഹമോ ധർണയോ നടത്താൻ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി.പഠനം തടസ്സപ്പെടുത്തുന്ന വിധത്തിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ താൽക്കാലികമായി പുറത്താക്കാൻ പ്രിൻസിപ്പലിനും മറ്റ് അധികാരികൾക്കും അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠിക്കാനുള്ളതാണെന്നും അവിടെ സമരത്തിന് സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.വിദ്യാർത്ഥി സമരത്തെ തുടർന്ന് പോലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പായില്ലെന്ന് പരാതിപ്പെട്ട പൊന്നാനി എംഇഎസ് കോളേജ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.കോളേജുകൾക്കകത്തും പുറത്തും സമരപന്തലുകൾ സ്ഥാപിച്ചാൽ അവ പൊളിച്ചു നീക്കണമെന്നും കോടതി പോലീസിനോട് നിർദേശിച്ചു. നിയമാനുസൃതം ലഭിക്കില്ലെന്ന് ഉറപ്പുള്ള കാര്യങ്ങൾക്കു വേണ്ടിയാണ് വിദ്യാർഥികൾ സമരങ്ങളും ധർണകളും നടത്തുന്നത്.കോടതിയിലോ ബന്ധപ്പെട്ട അധികാരികളിൽ നിന്നോ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ശ്രമിക്കാതെ സമരങ്ങളും മറ്റും നടത്തുന്നത് ന്യായീകരിക്കാനാകില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.