കണ്ണൂർ: കണ്ണൂർ താലൂക്ക്തല ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി താലൂക്കിലും പരിധിയിലുള്ള വില്ലേജ് ഓഫീസുകളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഒഴിച്ചുള്ള റവന്യൂ വകുപ്പിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൻമേലുള്ള പരാതി 16 ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും.മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായോ അതാത് വകുപ്പ് മേലധികാരിക്കോ അതത് ഓഫീസിലോ നേരിട്ട് സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നവർ പരാതി കൈകാര്യം ചെയ്യുന്ന വകുപ്പ്, പരാതിക്കാരന്റെ പേരും വിലാസവും, ഫോണ്‍ നമ്പർ,വില്ലേജ്,ആധാർ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ടതും വിശദമായ അപേക്ഷ എഴുതി സമർപ്പിക്കേണ്ടതുമാണ്.19 ന് രാവിലെ 10 മുതൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഹാജരായി ജില്ലാ കളക്ടർക്കു നേരിട്ട് പരാതി സമർപ്പിക്കാനും അവസരം ഉണ്ടായിരിക്കും.പരാതിയിൻമേലുള്ള മറുപടി രേഖാമൂലം വകുപ്പ് മേലധികാരികൾ പരാതിക്കാരെ പിന്നീട് അറിയിക്കും. ചികിത്സാ സഹായത്തിനുള്ള അപേക്ഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട സൈറ്റിൽ ഓണ്‍ലൈനായി നൽകണം. അപേക്ഷയോടൊപ്പം ആറു മാസത്തിലധികം കാലപ്പഴക്കമില്ലാത്ത അസൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് സമർപ്പിക്കേണ്ടതാണെന്ന് തഹസിൽദാർ അറിയിച്ചു.