കോഴിക്കോട്:മലപ്പുറം റീജിയണൽ പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാൻ നീക്കം.നിലവിൽ ഒരു റീജിയണൽ പാസ്പോർട്ട് ഓഫീസും ഒരു പാസ്പോര്ട്ട് സേവാകേന്ദ്രവുമാണ് മലപ്പുറത്ത് പ്രവർത്തിക്കുന്നത്.ഇവിടെ നിന്നും പാസ്പോർട്ട് ഓഫീസ് മാറ്റി പാസ്പോര്ട്ട് സേവാകേന്ദ്രം മാത്രം നിലനിർത്തുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ മുസ്ലിം ലീഗും പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മലപ്പുറം,പാലക്കാട് ജില്ലകളിൽ നിന്നുള്ള വിദേശത്തു ജോലി ചെയ്യുന്നവരും തീർത്ഥാടകരും ആശ്രയിക്കുന്നത് മലപ്പുറം പാസ്പോര്ട്ട് ഓഫീസിനെയാണ്.ദിനം പ്രതി എഴുനൂറോളം അപേക്ഷകളാണ് ഇവിടെ സ്വീകരിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ജില്ലയാണ് മലപ്പുറം.പാസ്പോർട്ട് പുതുക്കുന്നവർക്കും തീർത്ഥാടനത്തിന് പോകുന്നവർക്കും ഏറെ പ്രയാസമുണ്ടാക്കുന്നതാണ് പുതിയ നീക്കം.അതേസമയം ഓഫീസിന്റെ തുടർ പ്രവർത്തനത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ഓഫീസ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മലപ്പുറം ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.കോഴിക്കോടുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയാൽ വാടകയിനത്തിലുള്ള ബാധ്യത ഒഴിവായി കിട്ടുമെന്നും പാസ്പോര്ട്ട് ഓഫീസർ ജി.ശിവകുമാർ പറഞ്ഞു.എന്നാൽ ഭൂമി കണ്ടെത്താനും സ്വന്തം കെട്ടിടം നിർമിക്കാനുമുള്ള എല്ലാ സഹായങ്ങളും മുസ്ലിം ലീഗിന്റെ ഭാഗത്ത്നിന്നും ഉണ്ടാകുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രെട്ടറി കെ.ടി അഷ്‌റഫ് പറഞ്ഞു.ഒന്നേകാൽ ലക്ഷം രൂപയാണ് മലപ്പുറം പാസ്പോർട്ട് ഓഫീസിന്റെ വാടക.ഓഫീസ് പൂട്ടുന്ന മുറയ്ക്ക് ഇവിടെയുള്ള 38 ജീവനക്കാരെയും കോഴിക്കോടേക്ക് മാറ്റുമെന്നാണ് സൂചന.