Kerala, News

കീഴാറ്റൂർ സമരം;സുരേഷ് കീഴാറ്റൂരിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

keralanews keezhattoor strike suresh keezhattoor was arrested and shifted to hospital

തളിപ്പറമ്പ്:ദേശീയപാത ബൈപാസ്സിന് വേണ്ടി നെൽവയൽ നികത്താനുള്ള നീക്കത്തിനെതിരേ സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പ് കീഴാറ്റൂരില്‍ വയൽക്കിളികൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തിവന്ന സമരനായകന്‍ സുരേഷ് കീഴാറ്റൂരിനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റി.പകരം കര്‍ഷകത്തൊഴിലാളിയായ നമ്പ്രാടത്ത് ജാനകി(69) നിരാഹാര സമരം ആരംഭിച്ചു.ബൈപാസ്സിന് വേണ്ടി മണ്ണിട്ട് നികത്താനിരിക്കുന്ന വയലിൽ സമരപന്തൽ കെട്ടി സെപ്റ്റംബർ പത്തിനാണ് സുരേഷ് കിഴാറ്റൂര് സത്യാഗ്രഹം ആരംഭിച്ചത്.പന്ത്രണ്ടു ദിവസമായി നിരാഹാരം തുടരുന്ന സുരേഷിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് എസ്ഐ പി.എ.ബിനുമോഹന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം ഡോക്ടറുമായെത്തി പരിശോധന നടത്തി അറസ്റ്റ് ചെയ്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തളിപ്പറമ്പ് തഹസിൽദാർ എം.മുരളിയുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. പിന്നീട് കര്‍ഷകത്തൊഴിലാളിയായ നമ്പ്രാടത്ത് ജാനകി രണ്ടാംഘട്ട നിരാഹാരം ആരംഭിച്ചു.സുരേഷ് കീഴാറ്റൂരിനെ അറസ്റ്റ് ചെയ്തു മാറ്റും മുമ്പ് തന്നെ സമരം തുടരേണ്ട അടുത്ത വ്യക്തിയാരെന്ന് വയല്‍കിളി കൂട്ടായ്മ ആലോചനകള്‍ നടത്തുന്നതിനിടയിലാണ് വയലിനെ സംരക്ഷിക്കാനുള്ള സമരത്തില്‍ ഞാന്‍ നിരാഹാരമിരിക്കുമെന്ന പ്രഖ്യാപനവുമായി ഇവര്‍ രംഗത്തുവന്നത്. ചെറുപ്പക്കാരായ നിരവധി പ്രവര്‍ത്തകര്‍ സ്വയം സന്നദ്ധരായി രംഗത്തുവന്നുവെങ്കിലും കര്‍ഷക തൊഴിലാളിയായ നമ്പ്രാടത്ത് ജാനകി പിന്മാറാൻ തയ്യാറായിരുന്നില്ല.തുടർന്ന് സമരാനുകൂലികൾ ഇവരെ ചുവപ്പുമാലയണിയിച്ചു സ്വീകരിച്ചു.

Previous ArticleNext Article