കാസർകോഡ്:ഉത്തരക്കടലാസിൽ ചോദ്യങ്ങൾ ആവർത്തിച്ചതിനു അധ്യാപികമാരുടെ മർദനമേറ്റ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.എന്നാൽ തങ്ങൾ മർദിച്ചിട്ടില്ലെന്നും ഡസ്റ്റർ കൊണ്ട് അടിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപികമാർ പറയുന്നു.ഉപ്പള മണിമുണ്ടയിലെ അബ്ദുൽ ഖാദർ-മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയുമായ ആയിഷ മെഹ്‌നാസ്(11) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസിൽ ചില ചോദ്യം അതേപടി എഴുതിവെച്ചതിനെ തുടർന്നാണ് കുട്ടിയെ രണ്ട് അധ്യാപികമാർ ചേർന്ന് ക്ലാസ്സിൽ വെച്ച് മർദിച്ചതെന്നാണ് ആക്ഷേപം.മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ വിദ്യാർത്ഥിനിയെ ബഹളം കേട്ടെത്തിയ മറ്റ് അധ്യാപികമാരാണ് ആദ്യം ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചത്.പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ടുവന്നിരുന്നു.എന്നാൽ ചൊവ്വാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.അതേസമയം സംഭവം നടന്ന സ്കൂളിന് അംഗീകാരമില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.സംഭവം ഒതുക്കി തീർക്കാൻ രാഷ്ട്രീയ ഇടപെടൽ നടന്നിരുന്നതായും ഇവർ ആരോപിക്കുന്നു.അതിനിടെ വീട്ടുകാർ പരാതിയില്ലെന്നും പോസ്റ്റ്മോർട്ടം വേണ്ടെന്നും പോലീസിനെ അറിയിച്ചിരുന്നു.എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജില്ലാ ജഡ്ജിയുടെ നിർദേശപ്രകാരം മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കുട്ടിക്ക് മർദനമേറ്റ സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.അതേസമയം മെഹ്നാസിന് അപസ്മാര രോഗമുള്ളതായി ബന്ധുക്കളും സ്കൂൾ അധികൃതരും പറയുന്നു.അദ്ധ്യാപിക ഡസ്റ്റർ കൊണ്ട് അടിക്കുകമാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം
Kerala
അധ്യാപികമാരുടെ മർദനമേറ്റ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
Previous Articleനാദിർഷയിൽ നിന്നും പണം വാങ്ങിയതായി പൾസർ സുനിയുടെ മൊഴി