തളിപ്പറമ്പ്: കേസിന്റെ ആവശ്യത്തിനായി തമിഴ്നാട് മധുര സിറ്റി പോലീസ് സ്റ്റേഷനിൽ നിന്നെത്തിയ പോലീസുകാരനു തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മര്‍ദനമേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. മധുര സിറ്റി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം.സദാശിവത്തിനാണു മര്‍ദനമേറ്റത്. മധുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന തളിപ്പറമ്പ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് കോടതിയില്‍ നിന്നു നല്കിയ വാറണ്ട് സംബന്ധിച്ചു നേരിട്ടു കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണു സദാശിവം തളിപ്പറമ്പിലെത്തിയത്.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്ത ഇദ്ദേഹം റിസര്‍വേഷനില്ലാതെ ട്രെയിനിലെത്തിയതിനാല് അല്പനേരം ഉറങ്ങാന്‍ സൗകര്യം തരുമോയെന്നു അന്വേഷിച്ചു. ഇതുപ്രകാരം ജിഡി ചാര്‍ജിലുള്ള പോലീസുകാരന് സ്റ്റേഷന്റെ മുകള്‍നിലയില്‍ പോലീസുകാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് ഉറങ്ങാന്‍ അനുമതി നല്കി. രാവിലെതന്നെ മുകള്‍നിലയില്‍ നിന്നും തമിഴ്നാട് പോലീസുകാരന്റെ നിലവിളികേട്ടു ഞെട്ടിയ മറ്റു പോലീസുകാര്‍ എത്തിയപ്പോഴാണ് എഎസ്ഐ ഇദ്ദേഹത്തെ മര്‍ദിക്കുന്നതു കണ്ടത്. തന്റെ ടര്‍ക്കി ടവ്വല്‍ വിരിച്ച് ഉറങ്ങിയെന്ന് ആരോപിച്ചാണ് എഎസ്ഐ സദാശിവത്തെ മര്‍ദിച്ചതെന്നാണ് ആക്ഷേപം. സ്റ്റേഷനിലെ മറ്റു പോലീസുകാര്‍ ഇടപെട്ടാണ് എഎസ്ഐയുടെ മര്‍ദനത്തില്‍ നിന്ന് ഇദ്ദേഹത്തെ രക്ഷിച്ചത്. ജില്ലാ പോലീസ് മേധാവി ഇതുസംബന്ധിച്ചു വിശദീകരണം തേടിയതായി അറിയുന്നു.
Kerala
തമിഴ്നാട് പോലീസുകാരന് തളിപ്പറമ്പ് സ്റ്റേഷനില്‍ മര്‍ദനം
Previous Articleകാവ്യാമാധവന്റെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു