കണ്ണൂർ:തിരുവോണ ദിനം പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്ത് വയസ്സുകാരൻ അഖിലിനായി തിരച്ചിൽ തുടരുന്നു.ഓണം ആഘോഷിക്കാൻ വീട്ടിൽനിന്നു പുറപ്പെട്ടതായിരുന്നു അഖിലും കൂട്ടുകാരും. ആറ് പേരടങ്ങിയ സംഘമാണു തോട്ടട കോളനിയിൽ നിന്ന് ഓണനാൾ ഉച്ചഭക്ഷണത്തിനു ശേഷം പുറപ്പെട്ടത്.അഖിലിനൊപ്പം ജ്യേഷ്ഠൻ നിഖിൽ, കൂട്ടുകാരായ വസന്ത്, സച്ചിൻ, നിതീഷ്, സുമേഷ് എന്നിവരാണ് പയ്യമ്പാലത്ത് കടലിൽ കുളിക്കാനെത്തിയത്.തോട്ടട വെസ്റ്റ് യുപി സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയാണ് അഖിൽ. കടലിൽനിന്നു രക്ഷപ്പെടുത്തിയ സച്ചിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരക്ക് കാരണം കടലിൽ ഇറങ്ങിയ ഭൂരിഭാഗം പേരെയും ലൈഫ് ഗാർഡ് നിയന്ത്രിച്ചിരുന്നു. മറ്റു കുട്ടികൾ ബഹളം വച്ചപ്പോഴാണ് അഖിലും മറ്റും രണ്ടുപേരും തിരയിൽപ്പെട്ടത് അറിയുന്നത്.ബീച്ച് പ്രധാന ഭാഗത്ത് ഉൾപ്പെടെ തിരകൾക്ക് ശക്തമായ അടിയൊഴുക്കാണുള്ളത്. തീരത്തിന്റെ ഓരത്തായി ആറ് മീറ്ററിലധികം ഉയരത്തിൽ തിരയടിക്കുന്നുമുണ്ട്. വേലിയേറ്റ –വേലിയിറക്കസമയം എന്ന വ്യത്യാസമില്ലാതെയാണു തിരയുടെയും കടലിന്റെയും രൗദ്രതയുള്ളത്. ഒഴുക്കിനൊപ്പം ചുഴിയുമുള്ളതിനാൽ കടലിൽ ഇറങ്ങിയാൽ തിരയിൽ അകപ്പെടുമെന്നു ലൈഫ് ഗാർഡുമാർ മുന്നറിയിപ്പ് നൽകുന്നു.ബീച്ച് കാണാനെത്തുന്നവർ ഒരു തരത്തിലും കടലിൽ ഇറങ്ങരുതെന്നാണു ലൈഫ് ഗാർഡ് നൽകുന്ന മുന്നറിയിപ്പ്.