
ആലുവ:നടൻ ദിലീപ് കനത്ത പോലീസ് കാവലിൽ വീട്ടിലെത്തി അച്ഛന്റെ ശ്രദ്ധചടങ്ങിൽ പങ്കെടുത്തു മടങ്ങി.രാവിലെ എട്ടു മണി മുതൽ പത്തുമണി വരെയാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത്.ആലുവ നദീതീരത്തിനു സമീപമുള്ള വീട്ടിൽ വെച്ചാണ് ചടങ്ങുകൾ നടത്തിയത്. അമ്മയ്ക്കും മകൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ദിലീപ് ചടങ്ങിൽ പങ്കെടുത്തത്.ചടങ്ങിന് ശേഷം പത്തു മണിയോടെ ദിലീപിനെ തിരികെ ആലുവ സബ്ജയിലിലേക്ക് കൊണ്ടുപോയി. അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കേ ദിലീപിനെ പുറത്തേക്ക് വിടരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയത്.മാധ്യമങ്ങളോട് സംസാരിക്കരുത്, പുറത്തിറങ്ങുന്നതിനുള്ള ചിലവുകൾ സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ദിലീപിന് അനുമതി നൽകിയത്.