ബംഗളൂരു: നിലവാരമില്ലാത്ത എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യസ മേഖലയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനാണ് (എഐസിടിഇ) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.വിദ്യാർഥികളുടെ എണ്ണം കുറവുള്ള നിലവാരം താഴ്ന്ന എണ്ണൂറോളം എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് എഐസിടിഇ ചെയർമാൻ അനിൽ ദത്താത്രയ സഹസ്രബുദ്ധെ പറഞ്ഞു. നിലവാരമില്ലാത്തതിനാൽ ഓരോ വർഷവും ഏതാണ്ട് 150 കോളജുകൾ സ്വമേധയാ അടച്ചുപൂട്ടുന്നുണ്ട്. എഐസിടിഇ കൗണ്‍സിലിന്റെ ചട്ടം അനുസരിച്ച് ശരിയായ അടിസ്ഥാന സൗകര്യമില്ലാത്തതും 30 ശതമാനത്തിൽ കുറവ് അഡ്മിഷനുമുള്ള കോളജുകൾ അഞ്ചു വർഷത്തിനകം അടച്ചുപൂട്ടണമെന്നാണ് നിർദേശമെന്നും സഹസ്രബുദ്ധെ പറഞ്ഞു.