കൊച്ചി: ആർഎസ്എസ് പ്രവർത്തകനായിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. കൊച്ചിയിലെ സിബിഐ കോടതിയാണ് കുറ്റപത്രത്തിനൊപ്പം വേണ്ടത്ര രേഖകൾ സമർപ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം മടക്കിയത്. യുഎപിഎ ചുമത്തിയാണു ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയരാജനെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് മുഖ്യപങ്കുണ്ടെന്നാണു കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കുന്നത്. 1999-ൽ ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണു ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാൻ മുഖ്യപ്രതിയായ വിക്രമന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.സംഘം ചേർന്ന് ആക്രമിക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ, തെളിവു നശിപ്പിക്കൽ, പ്രതികളെ രക്ഷപെടാൻ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരിക്കുന്നത്.