തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള അലോട്ട്മെന്റ് നടപടികൾ പൂർത്തിയായതിനു ശേഷം ഒഴിവു വന്നിട്ടുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ തുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓൾഡ് ഓഡിറ്റോറിയത്തിലാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് മാത്രമാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്.സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്കെതിരായ പ്രതിഷേധത്തിനും പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കുമിടെയാണ് അഡ്മിഷൻ നടക്കുന്നത്. അഞ്ചു ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയും ഉൾപ്പെടെ 11 ലക്ഷമാണ് വിദ്യാർഥികൾക്ക് പ്രവേശനത്തിനു വേണ്ടത്. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട കടുത്ത ആശങ്കകൾ നിലനിൽക്കുന്നതിനിടെ നിരവധി വിദ്യാർഥികൾ സീറ്റുപേക്ഷിച്ച് മടങ്ങിപ്പോയിരുന്നു. ഫീസ് കുത്തനെയുയർത്തിയ സുപ്രീം കോടതി വിധിക്കെതിരേ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും കഴിഞ്ഞ രണ്ടു ദിവസവും അലോട്ട്മെന്റ് നടക്കുന്ന കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധമുയർത്തിയിരുന്നു.അതിനിടെ വിധി വന്നതിനു പിന്നാലെ ചില കോളജുകൾ ബോണ്ടിനു പകരം ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെട്ടതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബാങ്ക് ഗ്യാരണ്ടിയുടെ പേരു പറഞ്ഞ് വിദ്യാർഥികളെ മടക്കി അയച്ചതിനു ശേഷം ആ സീറ്റുകൾ സ്പോട്ട് അഡ്മിഷനിൽ വൻ തുകയ്ക്കു വിൽക്കുന്നതിനു വേണ്ടിയാണെന്നും പ്രവേശനം ഉപേക്ഷിച്ചു മടങ്ങിപ്പോയ ചില വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആരോപിച്ചിരുന്നു.