Kerala

ആറളത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

keralanews wild elephants destroyed the crops in aralam farm

ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം. ഒറ്റ രാത്രികൊണ്ട്50 ഓളം കൂറ്റന്‍ തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്.കാട്ടാനയെ പ്രതിരോധിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫാം എംഡി ഡിഎഫ്ഒയ്ക്കും ജില്ലാ കളക്ടര്‍ക്കും കത്തു നല്‍കി. മൂന്ന് മാസത്തിനിടയില്‍ കാട്ടാന 300 ഓളം തെങ്ങുകള്‍ കുത്തി വീഴ്ത്തി നശിപ്പിച്ചതായി കത്തില്‍ പറയുന്നു. ആനയെ പേടിച്ച് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഫാം ഒന്നാം ബ്ലോക്കില്‍ ഫാമിന്‍റെ ഗോഡൗണിനോടു ചേര്‍ന്ന ഭാഗത്തെ നിറയെ കായ്ഫലമുള്ള തെങ്ങുകളാണ് നശിപ്പിച്ചവയില്‍ എല്ലാം.കഴിഞ്ഞ ശനിയാഴ്ച രാത്രി ഇതേ സ്ഥലത്തുള്ള 27 ഓളം തെങ്ങുകളും ആനക്കൂട്ടം കുത്തിവീഴ്ത്തിയിരുന്നു.ഓരാഴ്ചയ്ക്കിടെ ഫാമിന്‍റെ ഒന്ന്, രണ്ട് ബ്ലോക്കുകളില്‍ നിന്നായി 140-ഓളം തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയും കടന്നാണ് ആനക്കൂട്ടം ഫാമിന്‍റെ അധീനതയില്‍ എത്തിയിരിക്കുന്നത്.രണ്ട് കൂട്ടങ്ങളായാണ് ആനക്കൂട്ടം ഫാമിലെ കൃഷിയിടത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്. വലിയ കൊമ്പന്‍ ഉള്‍പ്പെടെ മൂന്ന് ആനകളുടെ ഒരുകൂട്ടവും ആറ് ആനകളുടെ മറ്റൊരുകൂട്ടവുമാണ് ഫാമിലൂടെ കറങ്ങി നടക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കുരങ്ങിന്‍റെയും കാട്ടാനയുടെയും ശല്യം കാരണം തെങ്ങില്‍ നിന്നുള്ള വരുമാനം കുറഞ്ഞുവരികയാണ്. കുരങ്ങുശല്യം നിയന്ത്രിക്കുന്നതിനായി ഫാമിലെ ഒന്ന് , രണ്ട് ബ്ലോക്കുകളിലെ തെങ്ങുകള്‍ അടുത്തിടെയാണ് ലേലത്തിന് നല്‍കിയത്. ലേലം നല്‍കിയ ഭാഗത്തെ തെങ്ങുകളാണ് നശിപ്പിച്ചത്.നേരത്തെ രാത്രി കാലങ്ങളിലായിരുന്നു ആനയുടെ അക്രമമുണ്ടായിരുന്നത്. ഇപ്പോള്‍ വൈകുന്നേരം അഞ്ചു‌മുതല്‍ തന്നെ ആനകള്‍ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ്. ഫാമിനുള്ളിലേയും ആദിവാസി പുനരധിവാസ മേഖലയിലേയും പൊന്തക്കാടുകളിലാണ് പകല്‍ സമയങ്ങളില്‍ ആനക്കൂട്ടം കഴിയുന്നത്. ഫാമില്‍ നിന്നും ആദിവാസി പുനരധിവാസ മേഖലയും കടന്നുവേണം ആനക്കൂട്ടത്തെ വനത്തിലുള്ളിലേക്കു തുരത്താന്‍. അതുകൊണ്ടുതന്നെ ഫാമില്‍ നിന്നും പുനരധിവാസ മേഖലയിലേക്ക് ആന പ്രവേശിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് വനം വകുപ്പ്.

Previous ArticleNext Article