Kerala

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്; ഏഴ് മലയാളി നേഴ്സുമാര്‍ ദമാമില്‍ പിടിയില്‍

keralanews fake experience certificate seven malayalee nurses arrested in damam

ദമാം:വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നേഴ്സുമാര്‍ ദമാമില്‍ പിടിയിലായി. പിടിയിലായവരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടച്ചതായി മന്ത്രാലയം അറിയിച്ചു. നിയമം കര്‍ശനമാക്കിയതോടെ നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. പുതുതായി ജോലിക്ക് വരുന്ന ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.ദമ്മാമിലെ നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നേഴ്സുമാരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവരും രണ്ട് പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുമാണ്. ഒരു കോഴിക്കോട് സ്വദേശിയും ഒരും മലപ്പുറം സ്വദേശിയും ജയിലിലായതാണ് വിവരം. ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പിടിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ നാട്ടില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്നവരാണ് പിടിക്കപ്പെട്ടിട്ടവരില്‍ പലരും.പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുന്നതിനാല്‍, നാട്ടിലേക്കുള്ള തിരിച്ചു പോക്കും പ്രയാസകരമാവും. നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. വ്യാജ രേഖകള്‍ ഹാജരാക്കയിവര്‍ നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി വിസക്ക് അപേക്ഷിച്ചിട്ട് ലഭിച്ചില്ലെന്നും അറിയുന്നു. പെരുന്നാളിന് ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

Previous ArticleNext Article