ഇരിട്ടി: ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആറളം ഫാം തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും.തൊഴിലാളികളുടെ സമരംമൂലം ഉണ്ടാകാനിടിയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫാം മാനേജ്മെന്റ് തൊഴിലാളി യൂണിയനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം ആരംഭിക്കുന്നത്. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഒന്നരമാസത്തെ ശമ്പളമാണ് മുടങ്ങിക്കിടക്കുന്നത്. ജൂണിലെ പകുതിയും ജൂലൈ മാസത്തെ ശമ്പളവുമാണ് ലഭിക്കാനുള്ളത്. ഓണത്തിനു മുമ്പ് മുടങ്ങിക്കിടക്കുന്ന ശമ്പളകുടിശികയും ബോണസും ഓണം അഡ്വാന്‍സും അനുവദിക്കണമെങ്കില്‍ മൂന്ന് കോടിയോളം രൂപ വേണ്ടി വരും.ഫാം ഓഫീസിനു മുന്നില്‍ സത്യഗ്രഹ സമരം ഉള്‍പ്പെടെയുളള സമര മാര്‍ഗങ്ങളും ഓണത്തിന് പട്ടിണി സമരവുമാണ് തൊഴിലാളി യൂണിയനുകള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാമിലെ ജീവനക്കാരും തൊഴിലാളികളുമുള്‍പ്പെടെ 440 പേരിൽ 261 പേരും ആദിവാസികളാണ്.ജീവനക്കാരില്‍ ഭൂരിഭാഗവും ആദിവാസികളായതിനാല്‍ പട്ടിക വര്‍ഗവികസന വകുപ്പില്‍ നിന്നും പണം ലഭ്യമാക്കണമെന്നാണ് ഫാം മാനേജ്മെന്റിന്റെ നിലപാട്.