
ആലുവ:സെന്റ് സേവ്യേഴ്സ് കോളജിനു പിറകിലെ കാട്ടിൽ ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ട കേസിൽ മഹാരാഷ്ട്ര സത്താറയിൽ ടയർ റീസോളിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ അന്നമനട വെണ്ണൂപ്പാടം കളത്തിൽ കെ.കെ. അഭിലാഷ്കുമാർ (21) അറസ്റ്റിൽ. മാളയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.തമിഴ്നാട് ചിന്നസേലം സ്വദേശി ഗൗരി എന്ന മുരുകേശൻ (35) കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണു കൊല്ലപ്പെട്ടത്.പ്രകൃതിവിരുദ്ധ പീഡനത്തിന് അഭിലാഷ് വഴങ്ങാത്തതിനെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. റെയിൽപാളത്തിൽ നിന്നു പെരിയാറിലെ കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ആസ്ബസ്റ്റോസ് ഷീറ്റുകൾകൊണ്ടു മൂടിയ നിലയിൽ സ്വാതന്ത്ര്യ ദിനത്തിലാണ് മൃതദേഹം കണ്ടത്.മുണ്ട് കഴുത്തിൽ മുറുക്കിയാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. മുരുകേശനൊപ്പം സ്ഥിരമായി കണ്ടിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് അഭിലാഷിനെ കുറിച്ചു സൂചന ലഭിച്ചത്. പുണെയിൽ നിന്നു നാട്ടിലേക്കു തിരിച്ച അഭിലാഷ് 14നു രാവിലെ ആലുവയിൽ ട്രെയിനിറങ്ങിയിരുന്നു. മദ്യലഹരിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉറങ്ങുന്നതിനിടെ ബാഗ് നഷ്ടമായി.തുടർന്നു വീട്ടിലേക്കു പോകാതെ റെയിൽവേ പരിസരത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മുരുകേശനെ കണ്ടുമുട്ടിയത്.ഇയാൾ പുഴയോരത്തേക്ക് അഭിലാഷിനെ വിളിച്ചുകൊണ്ടു പോവുകയായിരുന്നു. ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ, സിഐ വിശാൽ ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.