കൊച്ചി∙ നഗരത്തിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി. മൂന്നാഴ്ച മുൻപുണ്ടായ സംഭവത്തിൽ യുവതിക്കു പരാതിയില്ല എന്നാണു പൊലീസ് ഭാഷ്യം. അക്രമികളുമായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു യുവതിയുടെ ഭർത്താവ് ഐജിക്കു പരാതി നൽകി. യുവതി ഇപ്പോഴും അക്രമികളുടെ തടങ്കലിലാണെന്നും ജീവനു ഭീഷണിയുണ്ടെന്നും ഭർത്താവ് പറയുന്നു.ഭർത്താവുമായി അകന്നുകഴിയുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ ഇക്കഴിഞ്ഞ മാസം 28ന് അർധരാത്രിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം പരുക്കുകളുണ്ടായിരുന്നു. കയ്യിൽ മൂർച്ചയുളള ആയുധം കൊണ്ടുണ്ടായ മുറിവും. അമിതമായി മദ്യം ഉള്ളിൽ ചെന്നിരുന്നു. ഇതു കുടിപ്പിച്ചതാണെന്നു സംശയിക്കാൻ പാകത്തിൽ കവിളിന് ഇരുവശവും ബലപ്രയോഗത്തിന്റെ അടയാളവും. ഇത്രയും കണ്ടെത്തിയതോടെ ആശുപത്രിയിൽനിന്നു വിവരമറിയിച്ചു മരട് പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. മൂന്നാഴ്ചയായിട്ടും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. വിവരമറിഞ്ഞെത്തിയ ഭർത്താവിനോടു തനിക്കു പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും യുവതി പറഞ്ഞുവെന്നാണു പൊലീസിന്റെ വിശദീകരണം.താനുമായി അകന്നശേഷം ഒപ്പം താമസിക്കുന്നയാളാണു യുവതിയെ ക്രൂരമായി ആക്രമിച്ചതെന്ന് ഭർത്താവ് പറയുന്നു. യുവതിയുമായി മുൻപേ അടുപ്പമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് ഇല്ലാതാക്കാൻ ഇടപെടുന്നുണ്ട്. ഇവരുടെ ഭീഷണിയിലാകാം പരാതിയില്ല എന്നു പറയുന്നത്.ആശുപത്രി രേഖയിൽനിന്നു തന്നെ ഗൗരവസ്വഭാവം വ്യക്തമാണ്. എന്നിട്ടും കേസെടുക്കാത്ത പൊലീസിന്റെ നടപടി സ്ത്രീ സുരക്ഷയ്ക്കെതിരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന് അഭിഭാഷകൻ കൂടിയായ ഭർത്താവ് പ്രശാന്ത് വി. കുറുപ്പ് ചൂണ്ടിക്കാട്ടുന്നു. ആക്രമിച്ചവരുടെ കസ്റ്റഡിയിലാണ് അവർ ഇപ്പോഴുമുള്ളത്. യുവതി ഫോണിൽ വിളിച്ചത് അനുസരിച്ചാണു താൻ കൊച്ചിയിൽ എത്തിയതെന്നും എന്നാൽ നേരിൽ കാണാനായിട്ടില്ലെന്നും എവിടെയെന്ന് അറിയില്ലെന്നും ഭർത്താവ് പറയുന്നു. ഇതിനായി രണ്ട് ദിവസമായി കൊച്ചിയിൽ തങ്ങുകയാണ് പ്രശാന്ത്.
Kerala
കൊച്ചിയിൽ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്
Previous Articleകുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി നേഴ്സ് ജയിൽ മോചിതനാകുന്നു.